അടിസ്ഥാനപരമായി PPF അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നത് ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ്. ഭാവിയിലേക്ക് നമ്മുടെ എന്തെങ്കിലും പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള കരുതല്‍ സമ്പാദ്യമെന്ന് പറയാം. ആ ലക്ഷ്യം എന്ന് പറയുന്നത് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമാകാം, അവരുടെ വിവാഹമാകാം, സ്വന്തമായി നല്ലൊരു വീട് വീട് വയ്ക്കുന്നതാവാം. ഇനി അതൊന്നുമല്ലെങ്കില്‍ റിട്ടയര്‍മെന്റ് ജീവിതത്തില്‍ മതിയായ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള സമ്പാദ്യം കരുതുന്നതിനാവാം.

നേരത്തെ റിട്ടയര്‍മെന്റ് ആഗ്രഹിക്കുന്ന പുതുതലമുറയിലെ യുവാക്കള്‍ക്കും PPF നെ ആശ്രയിക്കാവുന്നതാണ്. അത്തരക്കാര്‍ക്ക് റിട്ടയര്‍മെന്റ് ജീവിതത്തിനായുള്ള തുക പിപിഎഫിലൂടെ കണ്ടെത്താം. എന്‍പിഎസ് പോലുള്ള മിക്ക പെന്‍ഷന്‍ പദ്ധതികളും 60 വയസ്സ് പൂര്‍ത്തിയാകുമ്പോഴേ മെച്യൂരിറ്റിയാവുകയുള്ളൂ. എന്നാല്‍ പിപിഎഫില്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക ബാങ്കിലിട്ട് പ്രതിമാസ പെന്‍ഷന്‍ ഉറപ്പാക്കാന്‍ സാധിക്കും.

PPF പ്രത്യേകതകൾ

പിപിഎഫിന്റെ മറ്റൊരു പ്രത്യേകത നികുതി ഇളവാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്നത്. പലിശ ഉള്‍പ്പെടെയുള്ള വരുമാനം പൂര്‍ണമായും നികുതിമുക്തമാണ്. 18 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഏത് ഇന്ത്യന്‍ പൗരനും പിപിഎഫ് പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കും. ഇനി പ്രായപൂര്‍ത്തിയാകാത്ത കൂട്ടികള്‍ക്ക് വേണ്ടി അവരുടെ രക്ഷിതാക്കള്‍ക്ക് PPF അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യവുമുണ്ട്.എന്നാല്‍ ഒരു വ്യക്തിയ്ക്ക് ഒറ്റ പിപിഎഫ് അക്കൗണ്ട് മാത്രം എന്ന നിബന്ധന കൂടിയുണ്ട്. എന്‍ആര്‍ഐ വ്യക്തികള്‍ക്ക് പിപിഎഫ് നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ അക്കൗണ്ട് ആരംഭിച്ചതിന് ശേഷം വിദേശത്ത് പോകുന്ന വ്യക്തികള്‍ക്ക് നിക്ഷേപ കാലാവധി തീരും വരെ അക്കൗണ്ടില്‍ നിക്ഷേപം തുടരുവാന്‍ സാധിക്കും. ബാങ്കുകളില്‍ വഴിയും പോസ്റ്റ് ഓഫീസുകള്‍ വഴിയുമാണ് പിപിഎഫ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. ഓണ്‍ലൈനായി അ്ക്കൗണ്ട് തുറക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.

നിക്ഷേപ കാലാവധി

15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി. അതിനിടയ്ക്ക് പിന്മാറുവാന്‍ നിക്ഷേപകന് സാധിക്കുകയില്ല. 5 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഭാഗികമായി നിക്ഷേപം പിന്‍വലിക്കുവാന്‍ സാധിക്കും. വായ്പയായി എടുക്കുവാനും കഴിയും. നിക്ഷേപകന്റെയോ, പങ്കാളിയുടെയോ ആശ്രിതരുടെയോ ഉന്നത വിദ്യാഭ്യാസം, മാരകരോഗ ചികിത്സ, വിദേശത്തേക്കു താമസം മാറ്റുക തുടങ്ങിയ സാഹചര്യങ്ങളില്‍ നിക്ഷേപം പിന്‍വലിക്കുവാന്‍ അനുവദിക്കും.നിക്ഷേപ കാലാവധിയായ 15 വര്‍ഷം പൂര്‍ത്തിയായാല്‍ പിപിഎഫ് നിക്ഷേപകന് അഞ്ച് വര്‍ഷത്തേക്ക് വീതം നിക്ഷേപം ദീര്‍ഘിപ്പിക്കുവാനുള്ള സൗകര്യവുണ്ട്. ഇതിനായി പിപിഎഫ് അക്കൗണ്ട് ആരംഭിച്ച ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അപേക്ഷ നല്‍കിയാല്‍ മതിയാകും. പിന്നീട് പണം നിക്ഷേപിച്ചോ അല്ലാതെയോ അക്കൗണ്ട് ഉടമയുടെ താത്പര്യമനുസരിച്ച് പിപിഎഫ് അക്കൗണ്ട് തുടരാം.

പലിശനിരക്കും പരിമിതികളും

നിലവില്‍ 7.1 ശതമാനമാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. എല്ലാ സാമ്പത്തിക വര്‍ഷത്തിലും ഓരോ പാദത്തിലും പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ വിശകലനം ചെയ്ത് പുതുക്കി നിശ്ചയിക്കാറുണ്ട്. ചുരുങ്ങിയത് 500 രൂപ നിക്ഷേപിച്ചു കൊണ്ട് ഒരു വ്യക്തിയ്ക്ക് പിപിഎഫ് നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപ പരിധി 1.5 ലക്ഷം രൂപയാണ്.ഒരു വര്‍ഷം കുറഞ്ഞത് 500 രൂപയെങ്കിലും നിര്‍ബന്ധമായും നിക്ഷേപിക്കേണ്ടതുണ്ട്. അതില്‍ വീഴ്ച വരുത്തിയാല്‍ അക്കൗണ്ട് നിര്‍ജ്ജീവമാകും. മുടങ്ങിയ കാലയളവിലെ ചുരുങ്ങിയ നിക്ഷേപവും ഓരോ വര്‍ഷത്തേക്ക് 50 രൂപ ഫൈനും ചേര്‍ത്ത് അടച്ചാല്‍ അക്കൗണ്ട് വീണ്ടും ഉപയോഗിക്കുവാന്‍ സാധിക്കും. നിങ്ങള്‍ വായ്പ എടുത്തോ, ജാമ്യം നിന്നോ ബാധ്യതകള്‍ ഉണ്ടായാലും ബാങ്കുകള്‍ക്കോ കോടതികള്‍ക്കോ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് മരവിപ്പിക്കാനോ കണ്ടുകെട്ടാനോ സാധിക്കുകയില്ല.

എന്നാല്‍ മ്യൂച്വല്‍ ഫണ്ട്, എന്‍പിഎസ് എന്നിവയെ അപേക്ഷിച്ച് പിപിഎഫില്‍ നേട്ടം കുറവാണ്. മൂന്നു മാസം കൂടുമ്പോള്‍ പലിശ മാറുമെന്നതിനാല്‍ നിലവിലെ പലിശ ഇനിയും കുറയാനും സാധ്യതയുണ്ട്. 15 വര്‍ഷമെന്ന ലോക്ക് ഇന്‍ പീരിയഡും വര്‍ഷം ഒന്നര ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാനാകില്ലെന്നതും പിപിഎഫിന്റെ പരിമിതികളാണെന്ന് പറയാം.

LEAVE A REPLY

Please enter your comment!
Please enter your name here