തിരുവനന്തപുരം: മഴ കാറ്റ് ഇവ ശക്തമാകുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറി. രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റാകും. മണിക്കൂറില്‍ 130 കിലോ മീറ്ററാണ് വേഗത.സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരും. തീരത്തുടനീളം കടലാക്രമണവും തുടരുകയാണ്. കേരളം, ലക്ഷദ്വീപ് കപ്പല്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചു. മഹാരാഷ്ട്ര, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേര്‍ട്ട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .കണ്ണൂര്‍ തലായിയില്‍ മീന്‍പിടിത്തത്തിനു പോയ 3 പേരെ കാണാതായി, എറണാകുളം ജില്ലയില്‍ മഴക്കെടുതിയിലും കടലാക്രമണത്തിലും രണ്ടുപേര്‍ മരിച്ചു.പെരിയാറില്‍ ഒരാളെ കാണാതായി..

വിവിധ തീര ജില്ലകളില്‍ കടലാക്രമണത്തില്‍ നൂറിലേറെ വീടുകള്‍ തകര്‍ന്നു. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.ചുഴലിക്കാറ്റ് വടക്ക്, വടക്ക് – പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നും 18നു ഗുജറാത്തു തീരത്തിനടുത്ത് എത്തുമെന്നുമാണു പ്രവചനം.സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും ഇതു കേരള തീരത്തോടു അടുത്തായതിനാല്‍ സംസ്ഥാനത്തു 16 വരെ തീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.

ന്യൂന മർദം കാരണം മഴ, കാറ്റ് ഇവ തുടരുന്നു

ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരും. കനത്തമഴയും കാറ്റും വെള്ളിയാഴ്ച പലയിടത്തും നാശംവിതച്ചു.ന്യൂനമര്‍ദം വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോമീറ്റര്‍മാത്രം അകലെയായിരുന്നു. അതിനാല്‍ വടക്കന്‍ കേരളത്തിലാണ് മഴയും കാറ്റും കൂടുതല്‍ ലഭിച്ചത്. മഴയും കാറ്റും ഞായറാഴ്ചയും തുടരും.കണ്ണൂരില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ കനത്ത മഴയാണ്. തീരദേശത്തും മലയോരത്തും താമസിക്കുന്നവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും വൈദ്യുതിയില്ല. വയനാട്ടില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. കാറ്റും ഉണ്ട്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.തൃശ്ശൂരില്‍ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായി. തീരദേശ മേഖലകളായി എറിയാട്, ചാവക്കാട്, കൈപ്പ മംഗലം എന്നിവിടങ്ങളില്‍ കടല്‍ ആക്രമണം ഉണ്ടായി. നൂറില്‍ അധികം വീടുകളില്‍ വെള്ളം കയറി. 105 പേരെ ക്യാമ്ബിലേക്ക് മാറ്റി പാര്‍പ്പിച്ചു. കൊല്ലത്ത് അര്‍ധരാത്രിയോളം മഴയുണ്ടായിരുന്നു. പിന്നീട് കുറഞ്ഞു. കാറ്റിന്റെ ശക്തിയും കുറഞ്ഞു.പുലര്‍ച്ചെയോടെ മഴ നിലച്ച മട്ടാണ്. കടല്‍ക്ഷോഭത്തിനും ശമനമുണ്ട്. മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് മുടങ്ങിയ വൈദ്യുതി ഇനിയും പൂര്‍ണമായും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ക്യാമ്ബുകളിലേക്ക് മാറിയവര്‍ അവിടെ തുടരുകയാണ്.

കോട്ടയത്ത് രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തു. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു. പടിഞ്ഞാറന്‍ മേഖലയിലേക്ക് കൂടുതല്‍ വെള്ളമെത്തുന്ന സ്ഥിതിയാണ്. രാത്രിയില്‍ ശക്തമായ കാറ്റില്‍ കുമരകം മേഖലയില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. പത്തനംതിട്ടയില്‍ മലയോര മേഖലയില്‍ രാത്രി ഇടവിട്ട് മഴ പെയ്തു. അച്ഛന്‍ കോവില്‍ ആറ്റില്‍ നേരിയ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അണക്കെട്ടുകളില്‍ നിലവില്‍ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഇല്ല.കോഴിക്കോട് ജില്ലയില്‍ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും തുടരുകാണ്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. കൊയിലാണ്ടി, ബേപ്പൂര്‍, തോപ്പയില്‍, കോതി എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. എന്‍ഡിആര്‍എഫ് സംഘം ജില്ലയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. മലപ്പുറത്തും മഴ തുടരുന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊന്നാനി, താനൂര്‍ തീരദേശമേഖലകളില്‍ കടല്‍ക്ഷോഭത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെ പൊന്നാനിയില്‍ വിന്യസിച്ചു. ഇടുക്കി രാത്രി ശക്തമായ മഴ പെയ്തു. മിക്കയിടത്തും വൈദ്യുതി ഇല്ല. ശക്തമായ കാറ്റില്‍ നിരവധി സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here